അവർ പ്രയത്നിച്ചതും ജെഴ്സി അണിഞ്ഞതും അടുക്കളയിൽ റൊട്ടി പരത്താനല്ല
സാമൂഹിക വെല്ലുവിളികളെയും പരിഹാസങ്ങളെയും അതിജീവിച്ച്, റെക്കോർഡുകൾ തകർത്ത് ലോകകപ്പ് ഫൈനലിലേക്കെത്തിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പോരാട്ടവീര്യമാണ് ഈ ലേഖനം വിവരിക്കുന്നത്.
ARTICLES
Parvathi S
11/26/20251 min read


2017 ജൂലൈയിൽ ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനോട് വെറും ഒൻപത് റൺസിന് പരാജയപ്പെട്ട്, മുംബൈ എയർപോർട്ടിൽ പുലർച്ചെ വന്നിറങ്ങിയ, മിതാലി രാജ് നയിച്ച അന്നത്തെ വനിതാ ടീമിനെ സ്വീകരിക്കാൻ ഒരു ജനക്കൂട്ടം കാത്ത് നിൽപ്പുണ്ടായിരുന്നു. അവർക്കിടയിൽ മുംബൈ ക്രിക്കറ്റ് അസോസിയേഷനെ പ്രതിനിധീകരിച്ച് വന്ന ഒരു പതിനാറ് വയസ്സുകാരി പെൺകുട്ടിയുമുണ്ടായിരുന്നു. ആരവങ്ങൾക്കും വരവേൽപ്പിനുമിടയിൽ ഇന്ത്യൻ ടീമിലെ ആരും അവളെ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. എന്നാൽ ആറ് മാസങ്ങൾക്കിപ്പുറം തന്റെ പതിനേഴാം വയസ്സിൽ അവൾ ഇന്ത്യൻ ടീമിലേക്ക് അരങ്ങേറ്റം കുറിച്ചു. എങ്കിലും 2022 ലെ ഏകദിന ലോകകപ്പിൻ്റെ ഇന്ത്യൻ ടീമിൽ അംഗമാകാൻ അവൾക്ക് കഴിഞ്ഞില്ല. മൂന്ന് വർഷങ്ങൾക്ക് ശേഷം 2025 ലോകകപ്പിൽ ലീഗ് കളികളിൽ സൗത്ത് ആഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകളോട് വളരെ ചെറിയ വ്യത്യാസത്തിൽ തോൽവി സമ്മതിച്ചും ന്യൂ സീലൻഡിനെ പരാജയപ്പെടുത്തിയും സെമിയിൽ അവസാന ഊഴക്കാരായപ്പോൾ ഇന്ത്യൻ ടീം നിനച്ചു കാണില്ല; ഏഴുവട്ടം ലോക ചാമ്പ്യൻമാരായ ഓസ്ട്രേലിയ മുന്നോട്ട് വെച്ച 339 എന്ന വമ്പൻ വിജയ ലക്ഷ്യത്തിലേക്ക് തങ്ങളെ നയിക്കാൻ പോകുന്നത്, എട്ട് വർഷം മുൻപ് ഒരു പുഞ്ചിരിയുമായി എയർപോർട്ടിൽ കാത്തു നിന്ന ജെമീമ റോഡ്രിഗസ് എന്ന ആ പെൺകുട്ടി ആയിരിക്കുമെന്ന്.
2025 ലോക കപ്പിന് പതിനഞ്ച് പേരുള്ള ടീമിൽ, ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ, ഓപ്പണിംഗ് ബാറ്റർ സ്മൃതി മന്ദാന, ഓൾ റൗണ്ടർ ദീപ്തി ശർമ എന്നിവരൊഴികെ മറ്റെല്ലാവരും ലോകകപ്പിനിറങ്ങുന്നത് ആദ്യം. കളിക്കാനിറങ്ങുന്ന പതിനൊന്നിൽ പകുതിയിലധികം പേരും കഴിഞ്ഞ രണ്ട് വർഷങ്ങൾക്കുള്ളിൽ മാത്രം അന്താരാഷ്ട്ര ക്രിക്കറ്ററിൽ അരങ്ങേറ്റം കുറിച്ചവരായിരുന്നു. ക്യാപ്റ്റനായ ശേഷമുള്ള ആദ്യ ലോകകപ്പ്, അതും സ്വന്തം നാട്ടിൽ. ഓസ്ട്രേലിയയും ഇംഗ്ലണ്ടും ന്യൂസീലൻഡും മാത്രം മുത്തമിട്ട ആ കപ്പിനെ ആദ്യമായി ഇന്ത്യൻ മണ്ണിലെത്തിക്കുക എന്ന ഭാരിച്ച ദൗത്യവും പേറി, തന്റെ അഞ്ചാം ലോക കപ്പിലേക്ക് നടന്നു കയറുന്ന ഹർമൻ പ്രീത് കൗർ. "അന്താരാഷ്ട്ര ക്രിക്കറ്റിൽ അഞ്ചും ആറും മാസം മാത്രം പരിചയസമ്പത്തുള്ളവരുമായി കളിക്കാനിറങ്ങുന്നു" എന്ന പഴിയാണ് പരിശീലകയെയും ക്യാപ്റ്റനെയും ആദ്യം തന്നെ വരവേറ്റത്. എന്നാൽ 2009ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ താൻ അരങ്ങേറ്റം കുറിച്ച വർഷം തന്നെ നടന്ന ലോകകപ്പിൽ, അന്നത്തെ ടീം ക്യാപ്റ്റനായിരുന്ന ജൂലൻ ഗോസ്വാമി തന്നിലർപ്പിച്ച അതേ വിശ്വാസം ഹർമൻ തന്റെ കളിക്കാരിലും പുലർത്തി. ഫലമോ?
ഓസ്ട്രേലിയൻ ക്യാപ്റ്റനും ലോകകപ്പിൽ എന്നും നൂറിൽ കൂടുതൽ സ്ട്രൈക്ക് റേറ്റും ഉള്ള അലീസ ഹീലിയെ - കഴിഞ്ഞ മാസം നടന്ന മൂന്ന് ഇന്ത്യ ഓസ്ട്രേലിയ ഏക ദിനത്തിലും ലോകകപ്പ് ലീഗ് സെമി ഫൈനലിലുമായി - ക്രാന്തി ഗൗഡ് എന്ന ഇരുപത്തി രണ്ടുകാരി പവർപ്ലേയിൽ തന്നെ പുറത്താക്കിയത് നാല് തവണ. 2024 ഡിസംബറിൽ, ഇന്ത്യൻ ഓപ്പണറായ സ്മൃതിയുടെ പങ്കാളിയായി ഏകദിനത്തിൽ അരങ്ങേറ്റം കുറച്ച പ്രതീക റാവൽ. അവൾ തകർത്തത് ലോക ക്രിക്കറ്റ് ചരിത്രത്തിൽ സാക്ഷാൽ ഷാലറ്റ് എഡ്വേർഡ്സ് നേടിയ ഒൻപത് ഇന്നിങ്സിൽ അഞ്ഞൂറ് റൺസ് എന്ന റെക്കോർഡ്. അതും അരങ്ങേറ്റം കുറിച്ചതിൻ്റെ നാലാം മാസം വെറും എട്ട് ഇന്നിങ്സ് കൊണ്ട് തകർത്ത പ്രതിക സ്മൃതിയോടൊപ്പം ചേർന്ന് മറ്റൊരു ചരിത്രം കൂടി കുറിച്ചു.1998 ൽ 29 ഇന്നിങ്സിൽ സച്ചിനും ഗാംഗുലിയും സംയുക്തമായി നേടിയ 1635 റൺസ് എന്ന റെക്കോർഡിന് ശേഷം 2025 കലണ്ടർ വർഷത്തിൽ 20 ഇന്നിങ്സിൽ സ്മൃതിയും പ്രതികയും സംയുക്തമായി നേടിയ 1557 റൺസ് എന്ന റെക്കോർഡായിരുന്നു അത്. ബാറ്റിംഗിലും ബോളിംഗിലും ഫീൽഡിംഗിലും ഒരു പോലെ തിളങ്ങുന്ന കളിക്കാർ അണിനിരന്ന ഓസ്ട്രേലിയൻ ടീമിനു മുൻപിലാണ് ലോക കപ്പിൽ എല്ലാ രാജ്യങ്ങളും അടിപതറിയത്. അങ്ങനെ ലോകകപ്പിലെ ലീഗ് മത്സരങ്ങളിലെല്ലാം വിജയിച്ച് ഒന്നാമതായി സെമി ഫൈനലിൽ സ്ഥാനം പിടിക്കുമ്പോൾ, എതിരാളിയായി ടീം ഇന്ത്യ എന്നത് ഓസ്ട്രേലിയക്ക് ഒരു വെല്ലുവിളിയേ ആയിരുന്നില്ല. എന്നാൽ ഇന്ത്യയുടെ മുന്നിലുള്ളത് ഏകദിന പരമ്പരകളിൽ അജയ്യരായ ഓസീസും. ലീഗ് കളികളിൽ അവസാന കളിയിൽ മഴയെ തുടർന്ന് ഫീൽഡിംഗിനിറങ്ങിയ ഇന്ത്യക്ക് പരിക്കിലൂടെ നഷ്ടമായത് പ്രതികയെ. സെമിഫൈനലിൽ ഓസ്ട്രേലിയ മുന്നോട്ട് വെച്ച 339 റൺസ് മറികടക്കേണ്ടുന്ന ഇന്ത്യയ്ക്ക് പവർപ്ലേയിൽ നഷ്ടമായത് സ്മൃതി, ഷെഫാലി എനിങ്ങനെ രണ്ട് ഓപ്പണിംഗ് കളിക്കാരെ.
രണ്ടാമത്തെ ഓവറിൽ ജെമീമയും ഒൻപതാം ഓവറിൽ ഹർമനും കളിക്കാനിറങ്ങുമ്പോൾ ടീമിനെ മുന്നോട്ട് നയിക്കാൻ ഇവർക്കാവുമെന്ന് ഇന്ത്യൻ ടീമിനെപ്പോലെ തന്നെ കുറച്ച് പേർക്കെങ്കിലും പ്രതീക്ഷയുണ്ടായിരുന്നു. ബാറ്റിങ്ങിനിറങ്ങിയ ഏഴ് പേരിൽ സെഞ്ച്വറി കടന്ന ജെമീമയും എൺപതിൽ പുറത്തായ ഹർമനും മാത്രമായിരുന്നു നൂറിൽ താഴെ സ്ട്രൈക്ക് റേറ്റിൽ കളിച്ചത്. ബാക്കിയെല്ലാവരും തങ്ങൾക്ക് കിട്ടിയ ബോളുകളിൽ ചെറുതല്ലാത്ത സ്കോറുകൾ നൽകിയാണ് കളം വിട്ടത്. ഒടുവിൽ സോഫി മോളിനിയസ് എറിഞ്ഞ പന്തിനെ അമൻജോത് ബൗണ്ടറി ലൈനിലേക്ക് പായിച്ച് ഇന്ത്യ സെമി ഫൈനൽ വിജയിക്കുമ്പോൾ ഒൻപത് പന്തുകൾ അപ്പോഴും ബാക്കിയായിരുന്നു. ഒരു എതിർ ടീം അന്ന് വരെ തങ്ങളുടെ മുന്നിൽ വച്ച ഏറ്റവും ഉയർന്ന സ്കോർ ഇന്ത്യ മറികടക്കുമ്പോൾ, തന്റെ ഹാഫ് സെഞ്ച്വറിയും സെഞ്ച്വറിയും ഒന്നുമാഘോഷിക്കാതെ ഇന്ത്യൻ ടീമിൻ്റെ വിജയശിൽപിയായ ആ പെൺകുട്ടി തന്റെ ബാറ്റ് നിലത്തിട്ട് കുനിഞ്ഞു നിന്നു. അന്നേരം ആരവം മുഴക്കിക്കൊണ്ട് ഓടിയെത്തി അവളെ വാരിപ്പുണർന്ന കളിക്കാർക്കും അവൾക്കും വേണ്ടി ഇന്ന് ജയ് വിളിക്കുമ്പോൾ നമ്മൾ സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. ഓരോ മൈതാനങ്ങളിൽ നിന്നും തോറ്റു മടങ്ങുമ്പോൾ പരിഹാസത്തിൻ്റെ കല്ലും മുള്ളും കൊണ്ട് അവർ ചോര കിനിഞ്ഞ കാലത്ത് നമ്മൾ മൗനം പാലിച്ചെങ്കിൽ, ഇന്നീ ആരവം മുഴക്കാൻ നമ്മൾ ശരിക്കും അർഹരാണോ?
ഇന്ത്യയുടെ വനിതാ ടീം ലോക കപ്പ് ഫൈനലിൽ എത്തുന്നത് ഇത് മൂന്നാം തവണയാണ്. 2005 ലും 2017 ലും മിതാലി രാജ് നയിച്ച ടീം ഫൈനലിൽ എത്തിയപ്പോൾ, ഒരു ഇന്ത്യൻ ക്യാപ്റ്റൻ നയിക്കുന്ന ടീം രണ്ട് തവണ ഫൈനലിൽ എത്തുന്നു എന്ന ചരിത്രനേട്ടവും വനിത ടീമിന് സ്വന്തമായി. എന്നാൽ ലോകകപ്പ് എന്ന സ്വപ്നം ഇത് വരെ സാക്ഷാത്കരിക്കാൻ കഴിഞ്ഞില്ല എന്ന ഒറ്റ കാരണത്താൽ ഇന്ത്യൻ വനിതാ ടീമിന് ഇന്നാൾ വരെ നേരിടേണ്ടി വന്ന അപമാനവും പരിഹാസവും ചെറുതൊന്നുമല്ല. ക്രിക്കറ്റിനൊപ്പം തനിക്കിഷ്ടപ്പെട്ട സംഗീതവും ഗിറ്റാറും കൂടെ കൂട്ടിയ ജെമീമയെ, റീലുകൾ മാത്രം ചെയ്ത് നടക്കുന്ന ഇൻസ്റ്റഗ്രാം ക്വീൻ എന്നും ഓരോ ലോക കപ്പും ഒരു കൈയ്യകലത്തിൽ നഷ്ടമാകുമ്പോൾ ഈ പെണ്ണുങ്ങളെ കൊണ്ടിതൊന്നും നടക്കില്ലെന്നും ഇവരെ അടുക്കളയിൽ റൊട്ടി പരത്താനേ കൊള്ളാവൂ എന്നുമൊക്കെയുള്ള മീമുകളും ട്രോളുകളും സ്ഥിരമായി ഏൽക്കേണ്ടി വന്നിട്ടുണ്ട് ഹർമനും സ്മൃതിയും അടങ്ങിയ ഈ വനിതാ ടീമിന്. എന്നാൽ വനിതാ ക്രിക്കറ്റിന്റെയും ഇന്ത്യൻ ക്രിക്കറ്റിന്റേയും ചരിത്രം നോക്കിയാൽ ഇന്ത്യയിലെയും വിദേശ ടീമുകളിലെയും പെൺപുലികൾ വാരിക്കൂട്ടിയ റെക്കോർഡുകൾ ചരിത്രമാണ്.
2017 ലെ ലോകകപ്പ് സെമിഫൈനലിൽ അന്നത്തെ വനിതാ ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയക്ക് എതിരെ ഹർമൻ പ്രീത് കൗർ നേടിയ 115 ബോളിൽ 171 എന്ന കൂറ്റൻ സ്കോർ ആണ് ഇതുവരെയുള്ള ഒരു സെമിഫൈനലിലെ ഏറ്റവുമുയർന്ന വ്യക്തിഗത റൺസ്. 2024 ലും 2025 ലും അടുത്തടുത്ത വർഷങ്ങളിൽ തുടരെ നാലും അഞ്ചും സെഞ്ച്വറികൾ എന്ന വ്യക്തിഗത റെക്കോർഡും വനിതാ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ എന്ന റെക്കോർഡും ഇന്ത്യൻ ടീം വൈസ് ക്യാപ്റ്റനായ സ്മൃതി മന്ദാനക്ക് സ്വന്തമാണ്. സ്മൃതിക്കൊപ്പം 2025 ൽ അഞ്ച് സെഞ്ച്വറി എന്ന നേട്ടം സൗത്ത് ആഫ്രിക്കൻ ബാറ്ററായ ടാസ്മാൻ ബ്രിട്ട്സിനും ഏറ്റവും കൂടുതൽ അന്തരാഷ്ട്ര സെഞ്ച്വറികൾ എന്ന നേട്ടം മുൻ ഓസ്ട്രേലിയൻ വനിതാ ക്യാപ്റ്റനായ ക്രിക്കറ്റ് ഇതിഹാസം മെഗ് ലണ്ണിംഗ് നും മാത്രം സ്വന്തം. ലോക ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിൽ 1000 റൺസ് കടക്കുന്ന ഏക വനിതാ ബാറ്ററായി സ്മൃതി മന്ദാന മാറിയത് 2025 ലാണ്. അന്താരാഷ്ട്ര ഏകദിനത്തിൽ ഏറ്റവും കുറഞ്ഞ ബോളുകളിൽ (50) സെഞ്ച്വറി തികയ്ക്കുന്ന ഇന്ത്യൻ ക്രിക്കറ്റർ എന്ന റെക്കോർഡും സ്മൃതി മന്ദാന സ്വന്തമാക്കിയത് 2025 സെപ്റ്റംബർ 20 ന് ഓസ്ട്രേലിയക്കെതിരായ ഏകദിനത്തിലാണ്. അന്നവർ തകർത്തത് വിരാട് കോഹ്ലിയുടെ 52 ബോളിൽ സെഞ്ചുറി എന്ന ഒരു ഇന്ത്യൻ താരത്തിന്റെ റെക്കോർഡ് കൂടിയാണ്.
ഈ റെക്കോർഡുകളിലേക്കെത്താൻ അവർക്ക് താണ്ടേണ്ടി വന്ന ദൂരങ്ങൾ ചെറുതൊന്നുമല്ല. 83 ലെ ലോകകപ്പ് വിജയാനന്തരം കപിൽ ദേവിനോടും സുനിൽ ഗവാസ്കറിനോടും ആരാധന തോന്നിയ ഒരു തലമുറ തങ്ങളുടെ ആൺകുട്ടികളിൽ ക്രിക്കറ്റെന്ന സ്വപ്നം വളർത്തി. പിന്നീട് വന്ന സച്ചിനെയും ഗാംഗുലിയെയും സേവാംഗിനെയും തങ്ങളുടെ താരങ്ങളാക്കി ആ ആൺകുട്ടികൾ വളരുമ്പോൾ ആ അച്ഛനെയും സഹോദരങ്ങളെയും പിന്തുടർന്ന് കുറേ പെൺകുട്ടികൾ അവരോടൊപ്പം മൈതാനങ്ങളിലേക്കിറങ്ങി. അങ്ങനെ അച്ഛന്റെ സിക്സറുകളുടെ ശൈലിയെ തന്റെ കളിയിലേക്ക് പകർത്തുകയായിരുന്നു ഹർമൻ. സ്വതവേ വലംകൈ ഉപയോഗിക്കുന്ന സ്മൃതി, ക്രിക്കറ്റിൽ കുട്ടിക്കാലം മുതൽ ചേട്ടന്റെ പാത പിന്തുടർന്ന് ചേട്ടനെ പോലെ ഇടംകൈയിൽ ബാറ്റ് പിടിച്ച് ശീലിച്ചു. അങ്ങനെ ലോക ക്രിക്കറ്റിൽ സ്മൃതി ഇടംകൈ ഓപ്പണർ എന്നറിയപ്പെട്ടു. സഹോദരങ്ങളായ ഇനോച്ചിനും ഏലിക്കും ഒപ്പം ക്രിക്കറ്റ് കളിച്ച് ഇന്ത്യൻ ജൂനിയർ ടീമിലേക്ക് ഒൻപതാം വയസ്സിൽ സ്ഥാനം പിടിച്ച ജെമീമ. ഈ യുവതികൾ ഇന്ന് ഇന്ത്യൻ ക്രിക്കറ്റിൻ്റെ ചരിത്രം മാറ്റിക്കുറിക്കുമ്പോൾ ഇവരുടെ മൈതാനങ്ങളിലേക്ക് ബാറ്റ് വീശാനും പന്തെറിയാനും പെൺകുട്ടികളെ അവരുടെ ഇഷ്ടത്തിന് അയക്കുന്ന മാതാപിതാക്കൾ കൂടിവരുന്നുണ്ട്.
2005 ൽ മിതാലി രാജ് തന്റെ ഇരുപത്തിരണ്ടാം വയസ്സിൽ ഇന്ത്യൻ ക്യാപ്റ്റൻ പദവി ഏറ്റേടുമ്പോൾ BCCI യുടെ കീഴിൽ വനിതാ ക്രിക്കറ്റ് അസോസിയേഷൻ വന്നിട്ടില്ല. ക്രിക്കറ്റ് അംഗീകരിച്ച രാജ്യങ്ങളിൽ പുരുഷ ടീമും വനിതാ ടീമും ഒരേ ഭരണ സമിതിയുടെ കീഴിൽ കൊണ്ട് വരണം എന്ന ഐ.സി.സി യുടെ നിർദ്ദേശം കിട്ടി വർഷങ്ങൾ കഴിഞ്ഞിട്ടും വനിതാ ക്രിക്കറ്റ് അസോസിയേഷനെ ബി സി സി ഐ യുടെ കീഴിൽ കൊണ്ട് വരാൻ അതിന്റെ മേലുദ്യോഗസ്ഥർ തയ്യാറായിരുന്നില്ല. വുമൺ ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (WCAI) ബിസിസിഐ യുമായി ലയിക്കുന്നത് 2006 ലാണ്. എന്നിട്ടും സ്ഥിരം വേതനമോ വാർഷിക കരാറോ ഇല്ലാതെയാണ് 2014 വരെ വനിതാ ക്രിക്കറ്റിൽ അവർ നിലനിന്നത്. 2015 ലാണ് ആദ്യമായി വനിതാ കളിക്കാർക്ക് ബി സി സി ഐ കരാർ നല്കുന്നത്. 2022 ഒക്ടോബറിൽ ബി സി സി ഐ പുറത്ത് വിട്ട പുതിയ ഇക്വിറ്റി പരിഷ്കാരത്തിൽ പുരുഷ-വനിത കളിക്കാർക്ക് ഒരേ വേതനം എന്ന രീതി കൊണ്ട് വന്നെങ്കിലും പുരുഷ ടീമിനും വനിതാ ടീമിനും നൽകുന്ന വാർഷിക കരാറിലുള്ള തുകയ്ക്ക് വലിയ വ്യത്യാസം ഇപ്പോഴും നിലനിൽക്കുന്നു. പുരുഷ ക്രിക്കറ്റ് ആകർഷിക്കുന്നത്ര ആസ്വാദകരെ വനിതാ ക്രിക്കറ്റിന് കിട്ടില്ല എന്നാണ് ഇതിന് നൽകപ്പെട്ട വിശദീകരണം. 2020 ൽ ഓസ്ട്രേലിയയിൽ നടന്ന വനിത ട്വന്റി ട്വൻ്റി ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയ ഫൈനൽ കാണാൻ മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കൂടിയത് 86,174 പേരായിരുന്നു. അഞ്ച് വർഷം പിന്നിടുമ്പോൾ 2025 ലോക കപ്പിന് ഇന്ത്യ വേദിയാകുമ്പോൾ അതേ ടീം സെമി ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ തടിച്ചു കൂടിയത് 34,651 പേരാണ്. ഇത് വരെ ഒരു വനിതാ ഏകദിനത്തിന് ഒരു ഇന്ത്യൻ മൈതാനം കണ്ട ഏറ്റവും വലിയ ജനക്കൂട്ടം.
എതിർ ടീമുകളെ ഭയപ്പെടുത്തുന്ന, ഗാലറി കടന്നു പോകുന്ന സിക്സറുകൾ പായിക്കുന്ന ഇരുപത്തിരണ്ട് കാരി റിച്ച, പാഞ്ഞു വരുന്ന പന്തുകളെ ഏത് ദിശയിലേക്കും പായിച്ച് ബൗണ്ടറികൾ കടത്താൻ കഴിയുന്ന ജെമീമയും ദീപ്തിയും, അരങ്ങേറ്റം കുറിച്ച നാൾ മുതൽ ഏറ്റവും ശാന്തമായി കളിയുടെ അവസാന പന്തുകൾ വിജയലക്ഷ്യത്തിലേക്ക് പായിക്കുന്ന അമൻ,.. ഇവരെല്ലാം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമാണ്. അവരെ തിരിച്ചറിയാനും അവരെ ഓർക്കാനും ഒരു 2017 ലോക കപ്പിൽ ഹർമൻപ്രീത് നേടുന്ന 171 റൺസോ, കോഹ്ലിയുടെ റെക്കോർഡുകൾക്കൊപ്പം ചേർത്ത് വെക്കാൻ വേണ്ടി മാത്രം സ്മരിക്കപ്പെടുന്ന സ്മൃതിയുടെ പതിനെട്ടാം നമ്പർ ജേഴ്സിയോ, സെമിഫൈനലിൽ ഇന്ത്യയെ ജയിപ്പിച്ച ജമീമയെ പ്രകീർത്തിച്ച് ഇടുന്ന പോസ്റ്റുകളോ മാത്രമല്ല വേണ്ടത്. അവരെ അവരായി അംഗീകരിക്കുകയാണ് വേണ്ടത്. അവർ ചെയ്യുന്ന ജോലിയിൽ അവരുടെ പുരുഷ ടീമിന് കിട്ടുന്ന അതേ ബഹുമാനവും ആദരവും ലഭിച്ചില്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ അവർ നേരിടേണ്ടി വരുന്ന ഒരു ആക്രമണവും അവർ അർഹിക്കുന്നതല്ല.
ഇതിനെല്ലാം ശേഷം അവരുടെ വിജയത്തിൽ പങ്ക് ചേരുമ്പോൾ ഇനിയും അവരിൽ നിന്ന് ജയപരാജയങ്ങൾ ഉണ്ടായാൽ അതിനൊപ്പം ഒരേപോലെ നിൽക്കാൻ ഈ സമൂഹത്തിന് കഴിയുമോ എന്നൊരു ചോദ്യം കൂടി ബാക്കി നിൽക്കുന്നുണ്ട്. ഇന്ന് മുംബൈയിൽ നടക്കുന്ന ഫൈനലിൽ ഇന്ത്യയും സൗത്ത് ആഫ്രിക്കയും ഏറ്റുമുട്ടുമ്പോൾ ചരിത്രം മാറുകയാണ്. വനിതാ ലോക കപ്പ് ചരിത്രത്തിൽ ഇതുവരെ വിജയ കിരീടം ചൂടാത്ത ഒരു ടീം ആദ്യമായി ആ കപ്പ് സ്വന്തമാക്കും. എന്ത് തന്നെ ആയാലും ഇന്ത്യൻ വനിതാ ക്രിക്കറ്റ് സഖ്യത്തിന് എന്ത് കഴിയും എന്നുള്ളതിന്നുള്ള ഉത്തരം അവർ ലോകത്തിന് കാട്ടിക്കൊടുത്തു കഴിഞ്ഞു. വിജയത്തിലേക്കുള്ള അവരുടെ പാത അത്ര സുഖകരമായിരുന്നില്ല. ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കപിൽ ദേവിനും എം എസ് ധോണിക്കും രോഹിത് ശർമയ്ക്കും ശേഷം ഹർമൻ പ്രീതിന്റെ സഖ്യം ആ ചരിത്ര നേട്ടത്തിന്റെ ഭാഗമാകട്ടെ. മൗഗയിലെ കൃഷിയിടങ്ങളിൽ അച്ഛനും ചേട്ടനും ആൺസുഹൃത്തുക്കൾക്കുമൊപ്പം കളിച്ച് പഠിച്ച്, മൈതാനത്തും അതേ തീയോടെ ആളിക്കത്തിയ ഹർമൻ എന്ന കപ്പിത്താന്റെ തോളിലേറി ഇന്ത്യയുടെ മണ്ണിൽ ലോക കപ്പ് എത്തട്ടെ. ഇന്നത്തെ മത്സരം അവർ ജയിച്ചാലും ഇല്ലെങ്കിലും ഒരു കാര്യം നമ്മൾക്കെല്ലാവർക്കും ഓർമ്മ വേണം; അവർ പ്രയത്നിച്ചതും ജെഴ്സി അണിഞ്ഞതും അടുക്കളയിൽ റൊട്ടി പരത്താനല്ല.
-പാർവതി എസ്
